Tuesday, January 10, 2012

ജീവന്റെ മഹത്വം തിരിച്ചറിഞ്ഞവർ ദൈവത്തിനു പ്രിയപ്പെട്ടവർ: മാർ മാത്യു മൂലക്കാട്ട്‌

ജീവന്റെ മഹത്വം തിരിച്ചറിഞ്ഞവർ ദൈവത്തിനു പ്രിയപ്പെട്ടവരാണെന്നു കോട്ടയം അതിരൂപതാ ആർച്ച്ബിഷപ്‌ മാർ മാത്യു മൂലക്കാട്ട്‌. പയ്യാവൂർ പയസ്‌ ഹോം ഓർഫനേജ്‌ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്‌. പയസ്‌ ഹോം സ്ഥാപക പരേതയായ സിസ്റ്റർ അന്നമ്മ ടീച്ചറിന്റെ ദൈവാശ്രയത്തിന്റെയും സാഹോദര്യത്തിന്റെയും ശുശ്രൂഷാ മനോഭാവത്തിന്റെയും ചൈതന്യമാണു സ്ഥാപനത്തിന്റെ ഉദയത്തിനും വളർച്ചയ്ക്കും കാരണമായതെന്നും മാർ മൂലക്കാട്ട്‌ പറഞ്ഞു.

Monday, January 9, 2012

യൂദാ തദേവൂസിനെ മാതൃകയാക്കണം: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ

യൂദാശ്ലീഹ യേശുവിനുവേണ്ടി ജീവൻ ഹോമിച്ച വ്യക്തിയാണെന്നും അദ്ദേഹത്തെ നമ്മൾ മാതൃകയാക്കണമെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. യൂദാ ശ്ലീഹയുടെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ എത്തി പുണ്യവാളന്റെ അനുഗ്രഹം ലഭിച്ചതായി തെളിവുണ്ട്‌. അടിമാലി സെന്റ്‌ ജൂഡ്‌ ടൗൺ പള്ളി തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.പള്ളിയിലെ അപേക്ഷയും സാക്ഷ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങളും നടത്തിയശേഷമാണ്‌ രൂപതയിൽനിന്നും തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും ബിഷപ്‌ വെളിപ്പെടുത്തി.

മനുഷ്യരുടെ അത്യാഗ്രഹമാണ്‌ ദാരിദ്ര്യത്തിന്‌ കാരണം: ബിഷപ്‌ ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌

മനുഷ്യരുടെ അത്യാഗ്രഹമാണ്‌ ലോകത്ത്‌ ദാരിദ്ര്യമുണ്ടാക്കുന്നതെന്ന്‌ മാവേലിക്കര ബിഷപ്‌ ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌. ലയൺസ്‌ ക്ലബ്ബ്‌ ഇന്റർനാഷണൽ അളകാപുരി ഓഡിറ്റോറിയത്തിൽ നടത്തിയ ക്രിസ്മസ്‌ പുതുവത്സരാഘോഷത്തിൽ അംഗങ്ങൾക്ക്‌ ക്രിസ്മസ്‌ സന്ദേശം നൽകുകയായിരുന്നു ബിഷപ്‌. സർവ ജീവജാലങ്ങൾക്കും വേണ്ടത്‌ ഭൂമിയിലുണ്ട്‌. എന്നാൽ സ്വാർഥത മൂലം മനുഷ്യൻ അത്യാഗ്രഹിയാകുമ്പോഴാണ്‌ ലോക സമാധാനം തകർക്കപ്പെടുന്നത്‌. സഹജീവികളോട്‌ കരുണ കാണിക്കാനും ദുരിതം അനുഭിക്കുന്നവർക്ക്‌ സേവനം ചെയ്യാനുമുള്ള മനസ്സാണ്‌ ദൈവത്തിലേക്കുള്ള വഴി. അതാണ്‌ യേശുക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌. ആ ജീവിതം തന്നെയാണ്‌ മഹത്തായ സന്ദേശമെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു.

Tuesday, January 3, 2012

മക്കളെ വിശ്വാസത്തിലും ധാർമികതയിലും വളർത്തണം: മാർ സെബാസ്റ്റ്യൻ വടക്കേൽ

മക്കളെ ദൈവവിശ്വാസത്തിലും ധാർമികതയിലും വളർത്തിക്കൊണ്ടു വരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന്‌ ഉജ്ജയിൻ രൂപതമെത്രാനും സീറോ മലബാർ പ്രേഷിത വർഷാചരണത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മിറ്റി കൺവീനറുമായ മാർ സെബാസ്റ്റ്യൻ വടക്കേൽ അഭിപ്രായപ്പെട്ടു. പ്രേഷിത വർഷാചരണത്തിന്റെ ഭാഗമായി മുതിരേരി, ചെറുകാട്ടൂർ ഇടവകകളിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയാരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയിൽ ക്രിസ്തുവിന്‌ സാക്ഷ്യം വഹിക്കാൻ അവിടുത്തെ വൈദികരും സിസ്റ്റേഴ്സും അൽമായ പ്രേഷിതരും പ്രതിജ്ഞാ ബന്ധരാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. മുതിരേരി ഇടവകയിൽ നടന്ന സ്വീകരണ യോഗത്തിൽ വികാരി ഫാ.ജോണി പെരിമാട്ടിക്കുന്നേൽ, പ്രേഷിത വർഷ രൂപത കോ-ഓർഡിനേറ്റർ ഫാ.ടോമി പുത്തൻപുരയ്ക്കൽ, ജോയി കുളങ്ങര, ജോസ്‌ മേനച്ചേരി എന്നിവർ പ്രസംഗിച്ചു. കൈക്കാരൻമാർ, മതാധ്യാപകർ, സംഘടനാ നേതാക്കൾ തുടങ്ങിവർ നേതൃത്വം നൽകി. ചെറുക്കാട്ടൂർ ഇടവകയിൽനടന്ന സ്വീകരണത്തിന്‌ വികാരി ഫാ.ജോർജ്ജ്‌ ആലുക്ക നേതൃത്വം നൽകി. ദിവ്യബലിയ്ക്ക്‌ ബിഷപ്പ്‌ മാർ സെബാസ്റ്റ്യൻ വടക്കേൽ മുഖ്യകാർമികത്വം വഹിച്ചു.

കുടുംബങ്ങൾ മൂല്യത്തിലധിഷ്ഠിതമായി സംഘടിക്കുന്നത്‌ നാടിനുംസഭയ്ക്കും നല്ലതെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം

കുടുംബങ്ങൾ സംഘടിക്കുന്നതും അത്‌ മൂല്യത്തിൽ അധിഷ്ഠിതമായി നിലനിൽക്കുന്നതും കുടുംബത്തിനും നാടിനും സഭയ്ക്കും നല്ലതാണെന്ന്‌ ചങ്ങനാശേരി അതിരൂപത ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. പുളിങ്കുന്ന്‌ പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ പള്ളി പാരിഷ്‌ ഹാളിൽ നടന്ന കാപ്പിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ദൈവവിളികളുള്ള, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിരവധി വ്യക്തികളെ സംഭാവന ചെയ്ത കാപ്പിൽ കുടുംബക്കാരുടെ കുടുംബസംഗമം മറ്റുള്ളവർക്കു മാതൃകയാകട്ടെയെന്നും ധാർമികതയും കുടുംബാന്തരീക്ഷങ്ങളും മലിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മൂല്യവത്തായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നാടിനും രാഷ്ട്രത്തിനും നന്മയ്ക്കും ഉപകരിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

യുവജനങ്ങൾ നീതിക്കു പോരാടണം: മാർ ഇഗ്നാത്തിയോസ്‌

യുവജനങ്ങൾ നീതിക്കും സമാധാനത്തിനുംവേണ്ടി പോരാടുന്ന ദൗത്യവാഹകരാകണമെന്ന്‌ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോ ഷ്വാ മാർ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത. വൈഎംസിഎ ഇന്റർ നാഷണൽ യൂത്ത്‌ സെന്റർ, പത്തനംതിട്ട വൈഎംസിഎ സബ്‌ റീജിയൻ, അടൂർ വൈഎംസിഎ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ഹാർമണി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ഇടവകകൾ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ഇടവകകൾ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനായി കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. നാലുകോടി സെന്റ്‌ തോമസ്‌ ഇടവകയുടെ പഞ്ചരജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. ജൂബിലി ആഘോഷങ്ങൾ മുൻകാല പ്രവർത്തനങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനും തിരുത്തലിനുമുള്ള അവസരമാണെന്നും മാർ ജോർജ്ജ്‌ ആലഞ്ചേരി കൂട്ടിച്ചേർത്തു. ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.